‘ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

‘ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. ഹരിയാനയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവിടുന്നില്ല. വിവരങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്ഡേറ്റ് ചെയ്തിരിക്കുന്ന റൗണ്ടുകളുടെ എണ്ണത്തിലും വോട്ടെണ്ണൽ കഴിഞ്ഞ യഥാർത്ഥ റൗണ്ടുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്നാണ് പവൻ ഖേരയുടെ ആരോപണം.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഡാറ്റ പിന്നിലാണ്. ഇപ്പോഴും 4, 5 റൗണ്ടുകൾ പിന്നിട്ട ഡാറ്റയാണ് അവർ കാണിക്കുന്നത്. യഥാർത്ഥത്തിൽ 11 റൗണ്ടുകൾ എണ്ണിക്കഴിഞ്ഞുവെന്നായിരുന്നു ഖേരയുടെ പ്രതികരണം. അപ്ഡേറ്റുകൾ പങ്കുവെയ്ക്കുന്നതിൽ കാലതാമസം വരുത്താൻ ബിജെപി പ്രാദേശിക ഭരണകൂടങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായും ഖേര ആരോപിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )