അച്ഛന്റെ ശരീരം ദഹിപ്പിക്കാന്‍ മക്കള്‍ക്കാവില്ല…മൂന്ന് മാസത്തിന് ശേഷം എംഎം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന്
അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി. മതാചാരപ്രകാരം സംസാരിക്കണമെന്ന ലോറന്‍സിന്റെ മക്കളുടെ ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു.
പെണ്മക്കളായ സുജാതയും, ആശയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. വിഷയത്തില്‍ നിയമ പോരാട്ടം തുടരുമെന്ന് മകള്‍ ആശ ലോറന്‍സ് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും ആശ ലോറന്‍സ് പറഞ്ഞു. നീതി നടപ്പാക്കാന്‍ കോടതികള്‍ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകള്‍ സുജയോട് സെമിത്തേരിയില്‍ അടക്കാനാണ് താല്‍പ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ സാക്ഷികള്‍ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവര്‍ കള്ളസാക്ഷികളാണെന്നും ആശ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു ലോറന്‍സ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റു. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം.
1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എംഎം ലോറന്‍സ്. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.