ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും. ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സര്‍ക്കാര്‍ രാജിയാവശ്യപ്പെടാനാണ് കൂടുതല്‍ സാധ്യത. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെയും ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക. ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സിനിമാ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.
‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. നിര്‍മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില്‍ തൊട്ടു, വളകള്‍ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി,’ ശ്രീലേഖ പറഞ്ഞു.