ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ കേസ്

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ കേസ്

ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പിസി ജോര്‍ജിനെതിരെ കേസ്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുമ്പ് പല തവണ പി സി ജോര്‍ജ്ജിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗവും പാലാരിവട്ടത്ത് വെണ്ണല ശിവക്ഷേത്ര അധികൃതര്‍ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗവും ഇതിന് ഉദാഹരണമാണ്.

ഏപ്രില്‍ 29ന് ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് വെച്ചു നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വെച്ചാണ് പി സി ജോര്‍ജ്ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. മെയ് ഒന്നിന് ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ ഈരാറ്റുപേട്ടയില്‍ പി സിയുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എ ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായുമായിരുന്നു പരാതി.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു തുടങ്ങി വളരെ ഗൗരവമായ പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് നടത്തിയിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )