‘മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ല’; നിലപാടിലുറച്ച് ബോബി ചെമ്മണ്ണൂർ
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരി?ഗണിക്കും. നടി ഹണി റോസ് നല്‍കിയ ലൈം?ഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിസിപി ജിജി അശ്വതി അറിയിച്ചു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇന്നലെ രാത്രി 11.45 ഓടെ ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. നേരത്തെ ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനാണ് പോലീസ് നീക്കം. വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ ബോബി ചെമ്മണ്ണൂരിന്റെ പേര് ഹണി റോസ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി വ്യവസായി രംഗത്തെത്തിയിരുന്നു. താന്‍ ചെയ്യാത്ത കുറ്റങ്ങളാണ് തനിക്കെതിരെ ആരോപിക്കുന്നതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ തനിക്കെതിരെ പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും പരസ്പരം കണ്ട രണ്ട് അവസരങ്ങളിലും താന്‍ വളരെ മര്യാദയോടെയാണ് പെരുമാറിയതെന്നുമാണ് വ്യവസായി പറയുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
‘ഞാന്‍ രണ്ട് പ്രാവശ്യമാണ് അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അതിനിടെ, കുന്തീദേവിയുമായി ഞാന്‍ അവരെ ഉപമിച്ചിരുന്നു. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. മോശമായ വാക്കുകളോ കാര്യങ്ങളോ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയിട്ടുള്ളത്. അവരും അങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെ ഒരു പരാതി വന്നിരിക്കുന്നു. എന്നോട് വ്യക്തിവൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല. ഞാന്‍ ഇങ്ങനെ പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് അവര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പലരുടെ അടുത്തും ഇങ്ങനെ പറയാറുണ്ട്. ഇനിയിപ്പോള്‍, ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യത്തിലേക്ക് പോകില്ല. ഇടയ്ക്ക് ഇതുപോലുള്ള തമാശകളൊക്കെ പറയും. വേറെ ഉദ്ദേശമൊന്നും അതിലില്ല’, ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.