സന്ദീപിന് ഇപ്പൊ വരുമെന്ന് പ്രതീക്ഷയില്‍ സിപിഐഎം.തല്‍ക്കാലം ഉരിയാടേണ്ടെന്ന് ബിജെപി നേതൃത്വം
തിരുവനന്തപുരം: സന്ദീപ് വാര്യര്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ധൃതിപെട്ട് തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
പാലക്കാട് മൂത്താന്‍തറയില്‍ തനിക്ക് ബന്ധുക്കള്‍ ഉണ്ടെന്ന സന്ദീപിന്റെ പ്രസ്താവന കൃഷ്ണകുമാറിനെ ലക്ഷ്യം വെച്ചന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടുത്ത പുനസംഘടന വരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടും നേതൃത്വത്തിനുണ്ട്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങള്‍ക്ക് ശേഷവും സന്ദീപ് നേതൃത്വത്തോട് ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്. സന്ദീപ് രാഷ്ട്രീയ ഭാവിയും നിലപാടും വ്യക്തമാക്കി ഇന്ന് രംഗത്ത് എത്തിയേക്കും. അതേസമയം സിപിഐഎം നേതൃത്വം സന്ദീപിന് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. സന്ദീപ് വാര്യരുമായി സിപിഐഎം നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
സന്ദീപ് വാര്യര്‍ നമ്പര്‍ വണ്‍ കോമ്രേഡ് ആകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആകുമെന്നും മുന്‍പ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലന്‍ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചതും സന്ദീപ് വാര്യര്‍ക്ക് സിപിഐഎമ്മിലേയ്ക്കുള്ള പച്ചക്കൊടിയായി വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ എ കെ ബാലന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായി മന്ത്രി എം ബി രാജേഷും രംഗത്ത് വന്നിരുന്നു. സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയത്. അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും രാഷ്ട്രീയ നിലപാട് അദ്ദേഹം മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് പറഞ്ഞതെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സന്ദീപ് വാര്യര്‍ വര്‍ഗീയ നിലപാട് ഉപേക്ഷിച്ചാല്‍ സ്വീകരിക്കണോ എന്ന കാര്യം പരിഗണിക്കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തിരുന്നു. വര്‍ഗീയ നിലപാട് ഉപേക്ഷിക്കുകയാണെങ്കില്‍ അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിക്കാതെ ഒന്നും നടക്കില്ല. മതനിരപേക്ഷത ജീവ വായുവാണ്. അതില്‍ ഇടതുപക്ഷം വെള്ളം ചേര്‍ക്കില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു.