‘ദില്ലി മുഖ്യമന്ത്രി അച്ഛനെ മാറ്റി’; വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി

‘ദില്ലി മുഖ്യമന്ത്രി അച്ഛനെ മാറ്റി’; വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി

ദില്ലി: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ദില്ലി മുഖ്യമന്ത്രി അച്ഛനെ മാറ്റിയെന്ന് ബിധുരി ആരോപിച്ചു. മുമ്പ് അതിഷി മെർലെന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര്. എന്നാൽ, ഇപ്പോൾ അത് അതിഷി സിംഗ് എന്നായെന്നും ഇതാണ് ആം ആദ്മി പാർട്ടിയുടെ സ്വഭാവമെന്നും ബിധുരി പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരായ അസഭ്യ പരാമർശത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് അടുത്ത പരാമർശവും വിവാദമായിരിക്കുന്നത്. കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർത്ഥിയും, മുൻ എംപിയുമാണ് ബിധുരി. ബിജെപി എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. 

കഴിഞ്ഞ ദിവസം പ്രിയങ്ക ​ഗാന്ധിയെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്നായിരുന്നു ബിധുരി പറഞ്ഞത്. വിജയിച്ചാല്‍ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു പ്രചാരണത്തിലെ പരാമര്‍ശം. ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍പോലെ മനോഹരമാക്കുമെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചില്ലെന്നും താന്‍ അതുപോലെയല്ലെന്നും ബിധുരി പറഞ്ഞു. പരാമർശം വിവാദമായതോടെ‌ ബിധുരി ഖേദം പ്രകടിപ്പിച്ചിരുന്നു. 

വിവാദ പരാമർശത്തിൽ ബിധുരി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രം​ഗത്തെത്തിയിരുന്നു. എന്നാൽ, തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നായിരുന്നു ബിധുരിയുടെ ന്യായീകരണം. എംപിയായിരുന്നപ്പോള്‍ ലോക്സഭയില്‍ അസഭ്യപരാമര്‍ശം നടത്തിയതിന് ബിധുരിയെ ബിജെപി താക്കീത് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )