ഇറ്റലിയിൽ ഭരണകക്ഷി വിടാനൊരുങ്ങി ബെനറ്റോ മുസോളിനിയുടെ കൊച്ചുമകൾ

ഇറ്റലിയിൽ ഭരണകക്ഷി വിടാനൊരുങ്ങി ബെനറ്റോ മുസോളിനിയുടെ കൊച്ചുമകൾ

റോം: ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി വിടാനൊരുങ്ങി ഇറ്റാലിയന്‍ ഫാസിസ്റ്റ് സേച്ഛാധിപതി ബെനറ്റോ മുസോളിനിയുടെ കൊച്ചുമകൾ റേച്ചൽ. യാഥാസ്ഥിതിക, വലതുപക്ഷ വാദം പാർട്ടിയിൽ ഏറുകയാണെന്ന വിമർശനത്തോടെയാണ് റേച്ചൽ പാർട്ടി വിടുന്നത്. റോമിലെ സിറ്റി കൗൺസിലറാണ് റേച്ചൽ. ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയെ പ്രധാനമന്ത്രിയായ ജോർജിയ മെലോണിയാണ് നയിക്കുന്നത്. ഇറ്റലിയിലെ മധ്യ വലതു രാഷ്ട്രീയ പാർട്ടിയായ ഫോർസ ഇറ്റാലിയയിലേക്കാണ് റേച്ചൽ പോകുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മിതവാദിയും കേന്ദ്രീകൃതവുമായ തന്റെ ആശയത്തോട് കൂടുതൽ അടുപ്പമുള്ള പാർട്ടിയിൽ ചേരാനുള്ള സമയമാണ് ഇതെന്നാണ് 50കാരിയായ റേച്ചൽ അൻസ വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. 2021ൽ കൌൺസിൽ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുകൾ നേടിയാണ് റേച്ചൽ വിജയിച്ചത്. അടുത്തിടെ പാർട്ടിയുടെ ന്യൂനപക്ഷ അവകാശങ്ങളെ ചൊല്ലിയുള്ള നിലപാടുകളിലുള്ള എതിർപ്പിന് പിന്നാലെയാണ് റേച്ചൽ പാർട്ടിയുമായി അകന്നത്. ട്രാൻസ്ജെൻഡർ വിഭാഗങ്ങളോടുള്ള അനുഭാവപൂർവ്വമുള്ള നിലപാടിന് റേച്ചൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ഫാസിസ്റ്റ് സല്യൂട്ട് ഒരിക്കലും താൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അവർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ മാസം പാരീസ് ഒളിംപിക്സിൽ ഇറ്റാലിയൻ ബോക്സർ ആഞ്ചല കാരിനിക്കെതിരെ പോരാടിയ അൾജീരിയൻ ബോക്‌സർ ഇമാനെ ഖെലിഫിൻ്റെ ലിംഗഭേദത്തെച്ചൊല്ലി ജോർജിയ മെലോണിയുമായി വാക് പോരിൽ ഏർപ്പെട്ടിരുന്നു. ഇറ്റാലിയന്‍ ഫാസിസ്റ്റ് സേച്ഛാധിപതി ബെനറ്റോ മുസോളിനിയുടെ മകള്‍ റോമാനോ മുസോളിനിയുടെ മകളാണ് റേച്ചല്‍. മുസോളിനിയുടെ രണ്ടാം ഭാര്യയിലെ മകനായ റോമാനോയുടെ മകളാണ് റേച്ചൽ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )