ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് ബറാക്ക് ഒബാമ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കമല ഹാരിസിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും ഡെമോക്രാറ്റുകൾ പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടില്ലെന്നും പലതും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ഒബാമ പ്രസംഗത്തിൽ പറഞ്ഞു. കമല ഹാരിസും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ടിം വാൾസും തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ നേതാക്കളാണ്.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കായി ഒരു പ്രസിഡന്റിനെ ഞങ്ങൾക്ക് ആവശ്യമുണ്ട്. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത മത്സരമായിരിക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരികയെന്ന് ഒബാമ കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്. പ്രസിഡന്റ് പദവിയിലെത്തിയാല്‍ കമല ഹാരിസ് ചരിത്രം സൃഷ്ടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ ട്രംപിന് തടയിടണം. 2024ലെ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട പാർടി പ്രവർത്തകരോടും നേതാക്കളോടും വിദ്വേഷമില്ല. അമേരിക്കയ്ക്കായി എന്റെ സർവവും നൽകി’–- അദ്ദേഹം പറഞ്ഞു. നാലുദിവസം നീളുന്ന കൺവൻഷന്റെ തുടക്കത്തിൽ വികാരനിർഭരമായ പ്രസംഗമാണ് ബൈഡൻ നടത്തിയത്. പ്രതിനിധികൾ കരഘോഷം മുഴക്കി ബൈഡന് ആദരമർപ്പിച്ചു.