അദ്ദേഹം സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്നു…മന്‍മോഹന്‍ സിങിനെ സ്മരിച്ച് ബരാക് ഒബാമ

അദ്ദേഹം സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്നു…മന്‍മോഹന്‍ സിങിനെ സ്മരിച്ച് ബരാക് ഒബാമ

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചത്. 92-ാം വയസ്സിലാണ് അന്ത്യം. ഇന്നലെ വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തേയും വിദേശത്തേയും ഒട്ടേറെ പ്രമുഖര്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച് രംഗത്തെത്തി. സാമ്പത്തിക ഉദാരവല്‍ക്കരണത്തില്‍ മന്‍മോഹന്‍ സിംഗ് നല്‍കിയ പ്രത്യേക സംഭാവനകള്‍ക്ക് ലോകം മുഴുവന്‍ സ്മരിക്കപ്പെടുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഒരിക്കല്‍ മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തിയിരുന്നു. ‘മന്‍മോഹന്‍ സിംഗ് സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലും ഒബാമ മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ചിരുന്നു. ബരാക് ഒബാമയുടെ ഈ പുസ്തകം വന്നത് 2020ലാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നവീകരണത്തിന്റെ എഞ്ചിനീയര്‍ മന്‍മോഹന്‍ സിംഗ് ആണെന്നും ഒബാമ പുസ്തകത്തില്‍ എഴുതിയിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അദ്ദേഹം ദാരിദ്ര്യത്തിന്റെ വലയത്തില്‍ നിന്ന് കരകയറ്റി. താനും മന്‍മോഹന്‍ സിംഗും തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു.

‘എന്റെ കാഴ്ചപ്പാടില്‍, മന്‍മോഹന്‍ സിംഗ് ബുദ്ധിമാനും ചിന്താശീലനും രാഷ്ട്രീയമായി സത്യസന്ധനുമായ വ്യക്തിയാണ്. ഇന്ത്യയുടെ സാമ്പത്തിക വഴിത്തിരിവിന്റെ മുഖ്യ ശില്പിയെന്ന നിലയില്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പുരോഗതിയുടെ പ്രതീകമാണ്. ചെറിയ, ചിലപ്പോള്‍ പീഡിപ്പിക്കപ്പെട്ട സിഖ് സമുദായത്തിലെ അംഗം, ഈ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഉയര്‍ന്നു. ജനങ്ങളുടെ വിശ്വാസം നേടിയത് അവരുടെ വികാരങ്ങളെ ആകര്‍ഷിക്കുന്നതിലൂടെയല്ല, മറിച്ച് ആളുകള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം നല്‍കികൊണ്ടാണ്- ഒബാമ എഴുതി.

അദ്ദേഹം കഠിനാധ്വാനം ചെയ്ത പ്രശസ്തി നിലനിര്‍ത്തി. താനും മന് മോഹന് സിംഗും തമ്മില് ഊഷ്മളമായ ബന്ധമുണ്ടെന്നും മുന് പ്രസിഡന്റ് ഒബാമ തന്റെ പുസ്തകത്തില്‍ കുറിച്ചു. വിദേശനയത്തിന്റെ കാര്യങ്ങളില്‍ മന്‍മോഹന്‍ സിംഗ് വളരെ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും ഇന്ത്യന്‍ ബ്യൂറോക്രസിയെ മറികടന്ന് അദ്ദേഹം വളരെ ദൂരം പോകുന്നത് ഒഴിവാക്കിയെന്നും ഒബാമ പറയുന്നു, കാരണം ഇന്ത്യന്‍ ബ്യൂറോക്രസി ചരിത്രപരമായി അമേരിക്കയുടെ ഉദ്ദേശ്യങ്ങളെ സംശയിക്കുന്നതാണ്.

ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ടപ്പോള്‍ അദ്ദേഹം അസാധാരണമായ ബുദ്ധിശക്തിയുള്ള ആളാണെന്ന് ഉറപ്പിച്ചതായി ഒബാമ എഴുതി. ഒബാമ ന്യൂ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങ് അദ്ദേഹത്തിനായി അത്താഴവിരുന്ന് ഒരുക്കിയിരുന്നു. 2010ല്‍ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒബാമ പറഞ്ഞിരുന്നു, ‘ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്നു’ എന്നാണ്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് ടൊറന്റോയിലെത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )