‘നാഡ’യുടെ പരിശോധനയ്ക്ക് വിസമ്മതിച്ചു; ബജ്രംഗ് പൂനിയക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്
ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിള്‍ നല്‍കാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വര്‍ഷത്തിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന് ആകാനാകാനോ കഴിയില്ല.
കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്കി എന്ന കാരണത്താല്‍ ആണ് പൂനിയ സാമ്പിള്‍ കൈമാറാന്‍ വിസമ്മതിച്ചത്. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും ആയിരുന്നു പൂനിയ ‘നാഡ’യെ അറിയിച്ചത്.ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനായ വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ് പുനിയ. മാര്‍ച്ച് പത്തിനാണ് നാഡയുടെ പരിശോധനക്ക് പുനിയ വിസമ്മതിച്ചത്. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ‘നാഡ’ അറിയിച്ചു.