അബ്ദുള്‍ സത്താറിന്റെ മരണത്തിന് ഉത്തരവാദി എസ് ഐ അനൂപെന്ന് ഓട്ടോ തൊഴിലാളികള്‍…മുന്‍പ് മറ്റൊരു ഓട്ടോക്കാരനോടും ഗണ്ടായിസം

അബ്ദുള്‍ സത്താറിന്റെ മരണത്തിന് ഉത്തരവാദി എസ് ഐ അനൂപെന്ന് ഓട്ടോ തൊഴിലാളികള്‍…മുന്‍പ് മറ്റൊരു ഓട്ടോക്കാരനോടും ഗണ്ടായിസം

കാസര്‍കോട്:കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ മുമ്പും പരാതി. മറ്റൊരു ഓട്ടോ തൊഴിലാളിയെ കയ്യേറ്റം എസ്‌ഐ അനൂപ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

നൗഷാദിനെ എസ്‌ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്‌ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തില്‍ കാണാം. എസ്‌ഐ അനൂപിനെതിരെ കൂടുതല്‍ ആരോപണങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുന്ന് ജംക്ഷനില്‍ ട്രാഫിക് തടസമുണ്ടാക്കിയതിന് കഴിഞ്ഞ വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ഓട്ടോ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്‌ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

ഓട്ടോറിക്ഷ വിട്ട് നല്‍കാത്തത് സംബന്ധിച്ച് അബ്ദുല്‍ സത്താര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ലാ പൊലീസ് മേധാവി ഡി ശില്പ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അനൂപിനെതിരായ പരാതി അന്വേഷിക്കുന്നതിനിടെയാണിപ്പോള്‍ കയ്യേറ്റത്തിന്റെ ദൃശ്യങ്ങള്‍ കൂടി പുറത്തുവരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )