ആരോഗ്യനില വഷളായി; ഹരിയാന ജലവിഹിതം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച് അതിഷി
ഡല്‍ഹി: ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ തങ്ങളുടെ ജല വിഹിതം വിട്ട് തരണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന അതിഷി സമരം അവസാനിപ്പിച്ചു. പ്രതിദിനം 100 ദശലക്ഷം ഗാലന്‍ (എംജിഡി) ജലം ഡല്‍ഹിക്ക് അര്‍ഹതപ്പെട്ടതാണെന്നും അത്രയും ജലം അടിയന്തര പ്രാധാന്യത്തില്‍ വിട്ട് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹരം ആരംഭിച്ചിരുന്നത്. തലസ്ഥാന നഗരത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലായിരുന്നു അതിഷിയുടെ ഇടപെടല്‍. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ അതിഷിയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സമരം തുടരാന്‍ പറ്റാത്ത സാഹചര്യമാണെന്നും നിരാഹാരം താൽകാലികമായി നിര്‍ത്തിവെയ്ക്കുകയുമാണെന്നുള്ള അറിയിപ്പ് ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണുണ്ടായത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 36 ആയി കുറഞ്ഞതിനെ തുടര്‍ന്നാണ് അതിഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിഷിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അര്‍ധരാത്രി 43 ആയി കുറഞ്ഞുവെന്നും പുലര്‍ച്ചെ മൂന്നോടെ അത് 36 ആയി കുറഞ്ഞുവെന്നും പാര്‍ട്ടി പറഞ്ഞു. അതിഷിയെ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.‘അതിഷി 5 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. അവരുടെ ആരോഗ്യം വഷളായി. സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രി അവരുടെ ആരോഗ്യം വഷളായിത്തുടങ്ങി. അവര്‍ ഇപ്പോഴും ഐസിയുവിലാണ്. ഡല്‍ഹിയിലെ വെള്ളം വിട്ടുനല്‍കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുകയാണ്, പക്ഷേ ഞങ്ങള്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും- പാര്‍ട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.