ഇ.ഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി ഹൈക്കോടതിയില്‍; നീക്കം ഒമ്പതാം സമന്‍സിന് പിന്നാലെ

ഇ.ഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി ഹൈക്കോടതിയില്‍; നീക്കം ഒമ്പതാം സമന്‍സിന് പിന്നാലെ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) എല്ലാ സമന്‍സുകള്‍ക്കെതിരെയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്കെതിരെയാണ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹാജരാകണമെന്നാണ് ഒമ്പതാമത്തെ സമന്‍സില്‍ ഇ.ഡി. അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇ.ഡി. നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. നേരത്തേ അയച്ച എട്ടില്‍ ആറ് സമന്‍സുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.

ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്‌രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്‌രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇ.ഡി. പറയുന്നു.

കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )