ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം; പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം; പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. കൗണ്‍സലിങ് നടത്താന്‍ വിവിധ ഏജന്‍സികളെ ഉപയോഗിക്കും. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരും സഹകരിക്കണം. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ പ്രവര്‍ത്തിക്കും. കുറച്ചുനാള്‍ സമയമെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം. റവന്യു, വനം, പൊതുമരാമത്ത്, എസ്.സി, എസ്.ടി മന്ത്രിമാര്‍ ഉള്‍പ്പെടത്താണ് ഉപസമിതി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തടസ്സമെന്തെന്ന് ബന്ധപ്പെട്ടവര്‍ പറയണമെന്ന് പിണറായി വിജയന്‍ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ മരണം 288 ആയി.ഇതില്‍ 23 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ ഇന്നും തുടരുകയാണ്. ഇന്ന് മുണ്ടക്കൈയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി ഇന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവരെ 142 മൃതദേഹങ്ങളാണ് നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )