അമ്മുവിന്റെ മരണം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും, ദുരൂഹതയിലുറച്ച് കുടുംബം

അമ്മുവിന്റെ മരണം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും, ദുരൂഹതയിലുറച്ച് കുടുംബം

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ പത്തനംതിട്ട പൊലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്ന് സഹോദരന്‍ പറഞ്ഞു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.

അമ്മു ടൂര്‍ കോര്‍ഡിനേറ്ററായത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്‌നങ്ങളെ പറ്റി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ലോഗ് ബുക്ക് കാണാതെ പോയതില്‍ അമ്മുവിനെ കുറ്റപ്പെടുത്തി. അനുവാദം ഇല്ലാതെ മുറില്‍ കയറി പരിശോധന നടത്തിയെന്നും ഇതില്‍ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. കോളേജില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. ഇത് പുറത്ത് പറയുമോയെന്ന് ഭയന്ന് അമ്മുവിനെ അപായപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചിരുന്നു.

അതേസമയം, കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഇന്ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് അമ്മുവിന്റെ അച്ഛന്‍ സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്ന് സഹപാഠികള്‍ക്ക് മെമ്മോ നല്‍കുകയും അവരില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് അമ്മു വിന്റെ മരണം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )