അമ്മു സജീവന്റെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ ബിഎസ്സി അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുന്നത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
വീഴ്ചയില്‍ അമ്മുവിന്റെ തലച്ചോറിലെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെന്നും തുടയ്ക്കും ഇടുപ്പിനും ഏറ്റ മാരകമായ പൊട്ടലുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം അമ്മുവിന്റെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിന്റെ ആരോപണം. നേരത്തെ മൂന്ന് സഹപാഠികള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.