അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ
ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പെട്ടു യുവതി മരിക്കുകയും മകനു ഗുരുതരമായി പരുക്കേല്‍ക്കുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തതില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിനു ഹാജരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. സ്റ്റേഷന്‍ പരിസരത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധാകരുടെ വലിയ നിര പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
കഴിഞ്ഞ 13ന് അറസ്റ്റിലായ അല്ലു അര്‍ജുനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു. ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു.
ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്.