‘അമ്മയിലെ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു’: ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി

‘അമ്മയിലെ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു’: ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി

കോഴിക്കോട്: അമ്മ സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി. സംഘടനയിലെ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് ജുബിത പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്ന് ഇടവേള ബാബു പറഞ്ഞു എന്നും ജുബിത കൂട്ടിച്ചേര്‍ത്തു.

‘അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്’, ജുബിത പറഞ്ഞു.

അതേസമയം സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര മുന്നോട്ടു വന്നിരിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല.’ ‘മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങി. അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളിലും വേണം’ നടി ശ്രീലേഖ മിത്ര പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )