വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട്ടുനിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

നേരത്തെ കണിയാമ്പറ്റ സ്വദേശികളായ രണ്ടുയുവാക്കള്‍ അറസ്റ്റിലായിരുന്നു. പച്ചിലക്കാട് കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് ഹര്‍ഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നത്. ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. കൈകാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )