ആലപ്പുഴ അപകടം: വാഹനം നൽകിയത് വാടകക്ക്; ഉടമ ഷാമിൽ ഖാനെതിരെ നടപടിക്കൊരുങ്ങി എംവിഡി
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി എംവിഡി. വാഹനം നല്‍കിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. വാടകയായ 1000 രൂപ വിദ്യാര്‍ത്ഥിയായ ഗൗരിശങ്കര്‍ വാഹന ഉടമ ഷാമില്‍ഖാന് ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എംവിഡിയുടെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോര്‍ വാഹനവകുപ്പും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാഹന ഉടമ ഷാമില്‍ ഖാന് റെന്റ് ക്യാബ് ലൈസന്‍സ് ഇല്ലെന്നും വാഹനത്തിന്റെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്യുമെന്നും ആലപ്പുഴ ആര്‍ടിഒ അറിയിച്ചു. ഷാമില്‍ഖാന്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു.
വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കര്‍ മൊഴി നല്‍കിയിരുന്നു. അതിനിടെ വിദ്യാര്‍ത്ഥികള്‍ വണ്ടാനത്തെ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു നിറച്ച ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാന്‍ ഇവര്‍ പോകുന്നത്. അതേസമയം വാടക വാങ്ങിയല്ല കാര്‍ നല്‍കിയതെന്നായിരുന്നു ഷാമില്‍ ഖാന്റെ ആദ്യമൊഴി.