എകെജി സെന്റര്‍ ആക്രമണക്കേസ്: വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
അന്വേഷണ സംഘം ഡല്‍ഹിയിലെത്തി ഇന്നുതന്നെ സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും. എകെജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം രണ്ട് വര്‍ഷമായി സുഹൈല്‍ ഒളിവിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ട് വര്‍ഷം തികയുമ്പോഴാണ് മുഖ്യആസൂത്രകന്‍ പിടിയിലായിരിക്കുന്നത്. സ്‌കൂട്ടറിലെത്തിയ ആളാണ് എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സംഭവം നടന്ന് 85ാം ദിവസമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വി ജിതിന്‍ പിടിയിലായത്. പിന്നാലെ ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയ സുഹൃത്ത് നവ്യയും പിടിയിലായിരുന്നു.