അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും ട്യൂബും കണ്ടെത്തി
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയുമാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എംഡിഎംഎയാണ് ഉപയോഗിച്ചിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാനുള്ള ട്യൂബും കണ്ടെത്തി. അപകടമുണ്ടാകുന്നതിന് തലേന്നാണ് അജ്മലും ശ്രീക്കുട്ടിയും മുറിയെടുത്തത്. അപകടത്തിന് തലേന്നാണ് പ്രതികള്‍ രാസലഹരി ഉപയോഗിച്ചത്. രാസലഹരി ഉപയോഗിക്കാനായി പ്രതികള്‍ ഹോട്ടലില്‍ മുറിയെടുക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.