മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി; നടി നർഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ
ന്യൂയോര്‍ക്ക്: ബോളിവുഡ് നടി നർഗിസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി കൊലക്കേസിൽ അറസ്റ്റിൽ. മുന്‍ ആണ്‍സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്‌സ്(35), ഇയാളുടെ സുഹൃത്ത് അനസ്താസിയ എറ്റിനി(33) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ആലിയ അറസ്റ്റിലായത്. ഇരുവരും താമസിക്കുന്ന കെട്ടിടത്തിന് തീയിട്ടാണ് ആലിയ ഇരുവരെയും കൊലപ്പെടുത്തിയത്.
ന്യൂയോർക്കിലെ ക്വീൻസിലാണ് സംഭവം. കെട്ടിടത്തിന് മുകള്‍നിലയില്‍ താമസിച്ചിരുന്ന ജേക്കബ്‌സ് സംഭവസമയം ഉറങ്ങുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് എറ്റിനി മുകള്‍നിലയില്‍നിന്ന് താഴേക്ക് വന്നെങ്കിലും ഉറങ്ങുകയായിരുന്ന ജേക്കബ്‌സിനെ രക്ഷിക്കാനായി വീണ്ടും മുകളിലേക്ക് പോയി. എന്നാല്‍, അതിനകം കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്ന് ഇരുവരും കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരണം സംഭവിക്കുകയുമായിരുന്നു.
മുൻ കാമുകൻ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതിലുള്ള അമർഷമാണ് കൊലപാതക കാരണം. ഒരുവര്‍ഷം മുന്‍പ് ജേക്കബ്‌സ് ആലിയയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ജേക്കബ്‌സിന്റെ വീടിന് തീയിടുമെന്ന് യുവതി നേരത്തെ ഭീഷണിപ്പെടുത്തിയതായി സാക്ഷിമൊഴികളുമുണ്ട്.
ക്വീൻസ് ക്രിമിനൽ കോടതി ആലിയയ്‌ക്ക് ജാമ്യവും അനുവദിച്ചില്ല. അവൾ ആരെയെങ്കിലും കാെല്ലുമെന്ന് കരുതുന്നില്ലെന്ന് ആലിയയുടെ മാതാവ് പ്രതികരിച്ചു. എല്ലാവരെയും സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ആലിയയെന്നും മാതാവ് പറഞ്ഞു.