നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിചാരണ കോടതിയാണ് നോട്ടീസയച്ചത്. കേസിലെ അതിജീവിതയാണ് ശ്രീലേഖയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു പരാതി.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ വാദം നടക്കുന്നത്. അതേസമയം, തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി.
കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായാണ് അതിജീവിത കോടതിയെ സമീപിച്ചത്. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും ഇനി കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് അതിജീവിത നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.