ഗുരുവായൂരമ്പല നടയിൽ വിവാഹിതനായി നടൻ കാളിദാസ് ജയറാം
തൃശൂർ: നടനും, താരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തതത്.
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കഴിഞ്ഞ വർഷമാണ് തരിണിയുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരമാണ്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്.