വാര്‍ത്തകള്‍ കേള്‍ക്കുന്നതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിയില്ല : അശോകന്
കൊച്ചി: സിനിമയിലേക്ക് എല്ലാവര്ക്കും ഭയമില്ലാതെ കടന്നുവരാനാകണമെന്നും ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണമെന്നും നടന് അശോകന്. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറഞ്ഞ നടന് താന്‍ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെ കേട്ടിരിക്കാന്‍ വലിയ പ്രയാസമുണ്ട്. നിയമപരമായി നടക്കട്ടെ. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. ഞാന്‍ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ഇപ്പോള്‍ കാരവാന് വന്നശേഷം സൗകര്യങ്ങളൊക്കെ ഉണ്ട്. മുന്നത്തെക്കാള്‍ ബെറ്റര്‍ ആണിപ്പോള്‍. പണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വസ്ത്രം മാറാനൊക്കെ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. സ്ത്രീകള്‍ക്കെതിരായ അവഗണനയും പ്രശ്നങ്ങളും മോശം തന്നെയാണ്. എല്ലാവര്ക്കും സംരക്ഷണം വേണം. അഭിനയ താല്പര്യങ്ങളുമായി കഴിവുള്ള ഒരുപാടുപേര് മുന്നോട്ട് വരുന്നുണ്ട്. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനില്‍ക്കണം. പരിഹാരം വേണം. ശുദ്ധികലശം ആവശ്യമാണ്. സിനിമയിലേക്ക് എല്ലാവര്ക്കും ഭയമില്ലാതെ കടന്നുവരാനാകണം. ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം. തെറ്റുണ്ടെങ്കില്‍ തുറന്നുപറഞ്ഞ് പരിഹാരമുണ്ടാക്കണം എന്നും അശോകന് പറഞ്ഞു.
അതേസമയം, നടന് സിദ്ദിഖിനും സംവിധായകന് രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.