എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനുമെതിരെ നടപടിക്ക് സാധ്യത; മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ച് ചീഫ് സെക്രട്ടറി
മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരായ സര്‍ക്കാരിന്റെ നടപടി ഇന്നുണ്ടായേക്കും. ഗോപാലകൃഷ്ണന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കി.
ഗോപാലകൃഷ്ണനെ താക്കീത് ചെയ്യാനോ ശാസിക്കാനോ സാധ്യതയുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരായ നടപടിയിലും ഇന്നു തീരുമാനം വന്നേക്കും. പ്രശാന്തിന്റേത് ചട്ടലംഘനമാണെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചത്. പ്രശാന്തിനെതിരെ കടുത്ത നടപടി വരാന്‍ സാധ്യതയുണ്ട്. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകര്‍ക്കലാണ് ജയതിലകിന്റെ രീതിയെന്ന് ഇന്നലെയും പ്രശാന്ത് വിമര്‍ശിച്ചിരുന്നു.
വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഗോപാലകൃഷ്ണനെതിരെ നടപടിക്ക് കളമൊരുങ്ങുന്നത്. മൊബൈല്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. പൊലീസില്‍ പരാതി നല്‍കിയ ഗോപാലകൃഷ്ണന്‍ മൊബൈലുകള്‍ ഫോര്‍മാറ്റ് ചെയ്ത് നല്‍കിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറന്‍സിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളി. ഗോപാലകൃഷ്ണനെതിരെ താക്കീതോ ശാസനയോ വരാം. സസ്‌പെന്‍ഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഒരുപക്ഷെ വകുപ്പ് തല അന്വേഷണവും വന്നേക്കാം.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി ശുപാര്‍ശ. പ്രശാന്തിനെതിരേ എന്തുനടപടി വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ചട്ടവിരുദ്ധമായി പരസ്യവിമര്‍ശനം നടത്തിയതിനാല്‍ ഇനി വിശദീകരണം ചോദിക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. താന്‍ വിസില്‍ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമര്‍ശനം തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നലെത്തെ പോസ്റ്റിലെ വെല്ലുവിളി. ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈവിട്ട് പോര് തുടര്‍ന്നിട്ടും സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വിമര്‍ശനവിധേയമായിരുന്നു. കെ. ഗോപാലകൃഷ്ണന്റെ വിഷയത്തില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം ഇന്നു തന്നെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.