വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി

വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി

തുടര്‍ച്ചയായുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം ഉയര്‍ത്തിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ തര്‍ക്കത്തില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഗവര്‍ണര്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം ശക്തമാണ്.മുഖ്യമന്ത്രിയെ വിശ്വാസമില്ലന്ന് പറഞ്ഞ ഗവര്‍ണര്‍, മുഖ്യമന്ത്രിയേക്കാള്‍ വിശ്വാസം ഹിന്ദു പത്രം പറഞ്ഞതിലാണെന്നും പറഞ്ഞിരുന്നു. ഹിന്ദു പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി കോടതിയില്‍ പോകുന്നില്ല എന്നതാണ് ഗവര്‍ണര്‍ ഉന്നയിക്കുന്ന ചോദ്യം. സ്വര്‍ണക്കടത്തിലും ഹവാല ഇടപാടുകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചിരുന്നു.

ആദ്യ മറുപടി നല്‍കാന്‍ 20 ദിവസം എടുത്തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ പ്രതികരണം ആരായുമ്പോഴാണ് മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുള്ള ഗവര്‍ണറുടെ പ്രതികരണം. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ദേശാഭിമാനി ആരോപിച്ചു. ഗവര്‍ണര്‍ക്ക് തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യത്തിന്റെ ഔന്നിത്യവും അതിരും അറിയാത്തതല്ല. മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാട്ടുക എന്നതാണ് ഗവര്‍ണരുടെ ലക്ഷ്യം. അതുവഴി തന്റെ യജമാനന്‍മാരുടെ രാഷ്ട്രീയത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന് ഗവര്‍ണര്‍ വ്യാമോഹിക്കുകയാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )