ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം; ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമില്‍ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തി. ഇതുവരെ കേസില്‍ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റിലാക്കപ്പെട്ടത്.
ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെയാണ് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടല്‍ മുറിയില്‍ എത്തിയത് ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആണെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.
അവിടെ വന്നവരെക്കുറിച്ചും അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിനിമ താരങ്ങളെയും ചോദ്യം ചെയ്യും. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ലഹരിയുടെ രാസ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഓം പ്രകാശിന്റെ റൂമില്‍ എത്തിയ ആളുകളെ ചോദ്യം ചെയ്ത് വരുകയാണ്. നടന്‍ ശ്രീനാഥ് ബാസിക്കും പ്രയാഗ മാര്‍ട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പോലീസ് പറയുന്നു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് ഓം പ്രകാശിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഈയിടെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പോലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.