തൃശ്ശൂര്‍ പൂരം കലക്കല്‍, അടിയന്തര പ്രമേയത്തിന് അനുമതി; മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 12 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച.
പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമം തുറന്ന് കാട്ടാനാണ് അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓഫീസ് അറിയിച്ചത്.
ഇന്നലത്തെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയും ഉള്ളതിനാലാണ് വിട്ടുനിന്നതെന്നാണ് ഇന്നലെയും അറിയിച്ചത്. സഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പി വി അന്‍വര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അന്‍വറിന് സ്പീക്കര്‍ ഇരിപ്പിടം ഒരുക്കിയത്. ഡിഎംകെയുടെ ചുവപ്പും കറുപ്പും ഷാള്‍ അണിഞ്ഞാണ് അന്‍വര്‍ സഭയിലെത്തിയത്. സഭയില്‍ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അന്‍വറിനെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അന്‍വറിന് കൈകാടുത്ത് സ്വീകരിച്ചു.