ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും
പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിര്‍ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിന്റെ വിജയം.
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം ആഘോഷിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ ആഹ്ലാദം പങ്കുവെച്ചത്.
ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി. എഞ്ചിനിയര്‍ റഷീദിന്റെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റില്‍ ഒതുങ്ങി. കശ്മീരില്‍ മത്സരിച്ച രണ്ടിടത്തും ഒമര്‍ അബ്ദുല്ല മുന്നേറുകയാണ്. മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ തോറ്റു.കുല്‍ഗാമയില്‍ സിപിഎം നേതാവ് തരിഗാമി മുന്നിലാണ്.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്റാജ് മാലിക്കാണ് വിജയിച്ചത്. ബിജെപിയുടെ ഗജയ് സിങ് റാണയെയാണ് മെഹ്റാജ് മാലിക്ക് പരാജയപ്പെടുത്തിയത്. 4770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മെഹ്റാജ് മാലിക്കിന്റെ വിജയം.