‘ജീവനുണ്ടെങ്കിൽ നാളെ സഭയിൽ കയറും’; ഇരിക്കാൻ സ്വതന്ത്ര ബ്ലോക്ക് വേണമെന്ന് അൻവർ
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ ഇന്ന് പങ്കെടുക്കില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഈ ഒരു ദിവസം കൂടി നോക്കുമെന്നും താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എം ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിനെയും അന്‍വര്‍ പരിഹസിച്ചു.
‘കസേരകളി പോലെ ഒരു സീറ്റില്‍ നിന്നും മറ്റൊരു സീറ്റിലേക്ക് മാറ്റിയിട്ട് എന്ത് കാര്യം. സസ്‌പെന്‍ഡ് ചെയ്യണ്ടേ. സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ഡിജിപി എഴുതിക്കൊടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് അതിന് തയ്യാറല്ല. ഇന്നോ നാളെ രാവിലെ വരെയോ മറുപടി നോക്കും. ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ കയറും. പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണം. സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കും’; അന്‍വര്‍ പറഞ്ഞു.
അതേസമയം എം ആര്‍ അജിത്കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ബിജെപിയെ സഹായിക്കാനെന്ന് അന്‍വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിക്കുന്ന നിലപാട് ബിജെപിയെ സഹായിക്കാനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വോട്ട് ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്നും ഇത് ബിജെപിയെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാലക്കാട് എല്‍ഡിഎഫില്‍ നിന്നും കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഈ വോട്ടുകള്‍ പോയത് ബിജെപിക്കാണ്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം വോട്ട് ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.