മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും.  കഴിഞ്ഞ ദിവസം പരാതിയില്‍ അര്‍ജുന്റെ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പൊലീസ് പരിശോധിച്ചിരുന്നു. 

 സൈബര്‍ ആക്രമണം അന്വേഷിക്കണമെന്നായിരുന്നു അര്‍ജുന്റെ സഹോദരി അഞ്ചുവിന്റെ പരാതി. പ്രാഥമിക അന്വേഷണത്തില്‍ മനാഫ് അപകീര്‍ത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. വീഡിയോയില്‍ അര്‍ജുനെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചേവായൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. 

ഇതിനിടെ സേവ് അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മനാഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളം പറയുകയാണെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചിരുന്നു. 

യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി എന്നും ജിതിന്‍ പറഞ്ഞു. പരാതി നല്‍കിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞിരുന്നു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )