മനാഫിനെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു;നടപടി അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍
കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.
‘പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി’, എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിന്‍ ആരോപിച്ചത്.
പരാതി നല്‍കിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ് പറഞ്ഞിരുന്നു. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അര്‍ജുന്റെ കുടുംബത്തെ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. അര്‍ജുന്റെ കുടുംബമായാലും തങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനല്‍ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനാണ്. മാല്‍പെയുമായി ചേര്‍ന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.