പി വി അന്‍വറിനെതിരെ നിയമ നടപടിക്കൊരുങ്ങി പി ശശി; പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നിയമനടപടിക്കൊരുങ്ങുന്നു. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകും. പൊതുമധ്യത്തില്‍ അവഹേളിക്കുന്ന തരത്തില്‍ പി ശശിക്കെതിരെ പി വി അന്‍വര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് നീക്കം.
പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്. സ്ത്രീകളോട് മോശമായി പെരുമാറി, കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങള്‍ തട്ടി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉന്നയിച്ചത്.
ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പി ശശി തയ്യാറായിട്ടില്ല. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്നാണ് പി ശശി പ്രതികരിച്ചത്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, ‘നിങ്ങള്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നത്’ എന്നും പി ശശി ചോദിച്ചു.
സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു. ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പരാതിയില്‍ ആരോപിച്ചു.