കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ; ലെബനാനിൽ 105 പേർ കൊല്ലപ്പെട്ടു
ബൈറൂത്ത്: യുദ്ധ വ്യാപനത്തിന്റെ കൂടുതൽ സൂചനകളാണ് ലെബനാനിൽ നിന്നും വരുന്നത്. ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂത്തിൽ തുടർച്ചയായ ഏഴാം ദിനത്തിലേക്കാണ് വ്യോമാക്രമണം കടക്കുന്നത്. ലെബനാനിൽ ഇസ്രയേൽ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ലക്ക് പിന്നാലെ മറ്റൊരു നേതാവായ നബീൽ ഖാഊകിനെയും ഇസ്രയേൽ സേന വധിച്ചു. ഹിസ്ബുള്ള സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ ഖാഊക് ശനിയാഴ്ച വൈകീട്ട് ബൈറൂത്തിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹസൻ നസ്റുല്ല വധം രാജ്യത്തും പുറത്തും കനത്ത പ്രതിഷേധം പടർത്തുകയും പ്രതികാര നടപടികൾക്ക് സമ്മർദം ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം.
ബിഖ താഴ്വര, സിറിയൻ അതിർത്തിയിലെ അൽഖുസൈർ എന്നിവിടങ്ങളിലും ഞായറാഴ്ച ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നിറങ്ങി. ബെയ്റൂത്തിൽ ഹിസ്ബുല്ല ബദർ വിഭാഗം കമാൻഡർ അബൂ അലി റിദയെ ലക്ഷ്യമിട്ടതായും ഇസ്രയേൽ അവകാശപ്പെട്ടു. യമനിൽ ഹൂതി ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊർജ നിലയങ്ങളിലും തുറമുഖങ്ങളിലുമുണ്ടായ ആക്രമണങ്ങളിൽ നാല് പേർ മരിച്ചു. ശനിയാഴ്ച ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ അയച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമാക്രമണം.