മഴ മാറിയെങ്കിലും നനവ് ചതിച്ചു; ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

മഴ മാറിയെങ്കിലും നനവ് ചതിച്ചു; ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

കാന്‍പുര്‍: മഴ മാറിയെങ്കിലും ഗ്രൗണ്ടിൽ നനവ് മാറാത്തതിനെ തുടർന്ന് കാന്‍പുര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിൽ നടത്താനിരുന്ന മൂന്നാംദിവസത്തെ കളിയും ഉപേക്ഷിച്ചു. ഒരു പന്ത് പോലുമെറിയാനാവാതെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഉപേക്ഷിച്ചത്. മഴ മാറിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥ തുടർന്നതോടെ ഗ്രൗണ്ടിലെ നനവ് മാറിയില്ല. രാവിലെയും ഉച്ചയ്ക്കും ഗ്രൗണ്ടില്‍ പരിശോധന നടത്തിയെങ്കിലും കളി തുടരാന്‍ അനുകൂലമായ സാഹചര്യമല്ലെന്ന് വിലയിരുത്തുകയായിരുന്നു.

ആദ്യ രണ്ട് ദിവസവും മഴ മൂലം കളി തടസ്സപ്പെട്ടിരുന്നു. ആദ്യ ദിനം 35 ഓവറിൽ കളി അവസാനിപ്പിച്ചെങ്കിൽ രണ്ടാംദിനം മത്സരം നടത്താൻ പോലും ആയിരുന്നില്ല. മൂന്ന് ദിവസവും ഉച്ചവരെ കളി നടന്നതുമില്ല. രാവിലെ പത്തിന് നടത്തിയ പരിശോധനയിലും ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നു. മതിയായ വെയിലില്ലാത്തതും തിരിച്ചടിയായി.

പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് കണ്ടാണ് രാവിലെ കളി തുടങ്ങേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് നടത്തിയ പരിശോധനയിലും ഔട്ട്ഫീല്‍ഡില്‍ നനവുള്ളതായി കണ്ടെത്തി. മഴ അകന്നെങ്കിലും സൂര്യപ്രകാശം കുറവായതാണ് തിരിച്ചടിയായത്. ആദ്യദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചിരുന്നു. 35 ഓവറില്‍ 107-ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുല്‍ ഹഖും (40) മുഷ്ഫിഖുര്‍റഹീമും (6) ആണ് ക്രീസില്‍. സാക്കിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്‌ലാം, ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവര്‍ പുറത്തായി. ആകാശ് ദീപിന് രണ്ടും രവിചന്ദ്രന്‍ അശ്വിന് ഒന്നും വിക്കറ്റുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )