‘നബിയോര്‍മയിലൊരു കവിയരങ്ങ്’…സ്ത്രീകളെ പങ്കെടുപ്പിക്കാതെ അവര്‍ തുല്യത ചര്‍ച്ച ചെയ്യുന്നു; മര്‍കസ് നോളജ് സിറ്റി കവിയരങ്ങിനെതിരെ വന്‍ വിമര്‍ശനം

‘നബിയോര്‍മയിലൊരു കവിയരങ്ങ്’…സ്ത്രീകളെ പങ്കെടുപ്പിക്കാതെ അവര്‍ തുല്യത ചര്‍ച്ച ചെയ്യുന്നു; മര്‍കസ് നോളജ് സിറ്റി കവിയരങ്ങിനെതിരെ വന്‍ വിമര്‍ശനം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയും വിറാസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കവിയരങ്ങിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. 100 കവികളുടെ 100 കവിതകള്‍ അവതരിപ്പിക്കുന്ന കവിയരങ്ങില്‍ ഒരു എഴുത്തുകാരിയെ പോലും പങ്കെടുപ്പിക്കാത്തതാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി എഴുത്തുകാരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ശാരദക്കുട്ടി, തനൂജ ഭട്ടതിരി, എച്ച്മുക്കുട്ടി, വിജയരാജ മല്ലിക തുടങ്ങിയ എഴുത്തുകാരികളാണ് രംഗത്ത് വന്നിരിക്കുന്നത്. പുരുഷ കവിയരങ്ങ് എന്ന് പോസ്റ്ററില്‍ തിരുത്തണമെന്ന് തനൂജ ഭട്ടതിരി ആവശ്യപ്പെട്ടു.

‘നബിയോര്‍മയിലൊരു കവിയരങ്ങ്’ എന്ന പേരില്‍ ഇന്നും നാളെയും നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഒരു എഴുത്തുകാരിയെ പോലും പരിപാടിയില്‍ ക്ഷണിച്ചില്ലെന്നതില്‍ വിമര്‍ശനം ഉയര്‍ന്നത്. ‘ആരും ആരെയും കുറ്റപ്പെടുത്താനല്ല ഇത് എഴുതുന്നത്. അറിയാതെ വന്ന തെറ്റാണെങ്കില്‍, അല്ല ഇനി അറിഞ്ഞുകൊണ്ടുതന്നെ വന്ന തെറ്റാണെങ്കിലും, തിരുത്തണം എന്ന് ആഗ്രഹിക്കുന്നു. നടത്തുന്നവര്‍, സ്ത്രീകളെ ഉള്‍പ്പെടുത്തില്ല എന്ന് നിയമം വെച്ചിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും, പുരോഗമന പുരുഷ കവികള്‍ ഇതിനെതിരെ സംസാരിക്കണം. സാഹിത്യത്തില്‍ എത്രയോ കാലം സ്ത്രീകളെ മാറ്റിനിര്‍ത്തിയതല്ലേ? ഇനിയും അത് തുടരണോ?’ തനൂജ ഭട്ടതിരി പറയുന്നു.

എഴുത്തുകാരെ കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്ന പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീപക്ഷ കവിതകള്‍ അവതരിപ്പിക്കാന്‍ പോകുകയാണവരെന്നും തുല്യതയെ കുറിച്ചാലോചിച്ചും പറഞ്ഞും അവര്‍ നിറഞ്ഞു കവിയാന്‍ പോവുകയാണെന്നും ശാരദക്കുട്ടി പരിഹസിച്ചു. 2024ലാണ് സ്ത്രീകളെ പങ്കെടുപ്പിക്കാതെയുള്ള പരിപാടി നടക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്. സ്ത്രീകള്‍ ഇല്ലാത്ത പരിപാടികള്‍ക്ക് പങ്കെടുക്കില്ലെന്ന നിലപാട് എടുക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോയെന്ന് ഗവേഷകനും എഴുത്തുകാരനുമായ ദിനു വെയിലും പോസ്റ്റര്‍ പങ്കുവെച്ച് വിമര്‍ശിച്ചു. അതേസമയം സ്ത്രീകളില്ലാത്തതിനാല്‍ പരിപാടിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചതായി കവി സോമന്‍ കടലൂര്‍ വ്യക്തമാക്കി. ‘പരിപാടിക്ക് വിളിച്ച സംഘാടകനോട് സ്ത്രീ കവികളുണ്ടോയെന്ന് ചോദിച്ചു. മറുപടി ചിരി. ഇല്ലെന്ന് നോട്ടീസില്‍ കണ്ടു, പരിപാടിക്ക് പോകുന്നില്ല,’ സോമന്‍ കടലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നൂറ് പേരെ പങ്കെടുപ്പിച്ച് കൊണ്ട് നോളജ് സിറ്റി സംഘടിപ്പിച്ച കവിയരങ്ങില്‍ ഒരു സ്ത്രീ പോലുമില്ലാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആറ് വര്‍ഷമായി കവിയരങ്ങ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ത്രീകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചിട്ടില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )