18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം: കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ പുറത്തെത്തിച്ചു

18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം: കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ പുറത്തെത്തിച്ചു

ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി. 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കായി മാറ്റി. 35 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് കുട്ടി വീണത്. 31 അടി താഴ്ചയിൽ സമാന്തര കുഴി നിർമിച്ചായിരുന്നു രക്ഷാ പ്രവർത്തനം.

സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദൗസയിലായിരുന്നു സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തിൽ കളിക്കവെയാണ് കുട്ടി തുറന്നുകിടന്ന കുഴൽക്കിണറിൽ വീണത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണതെന്ന വിവരം ലഭിച്ചതെന്ന് ബൻഡികുയ് പൊലീസ് പറഞ്ഞു.

ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകായിരുന്നു. കുഴൽക്കിണറിനുള്ളിൽ കുട്ടിക്ക് ഓക്‌സിജൻ ലഭിക്കാനുള്ള സജ്ജീകരണങ്ങൾ രക്ഷാ പ്രവർത്തകർ ഒരുക്കിയിരുന്നു. കുട്ടിയുടെ ചലനങ്ങളും അവസ്ഥയും കുഴിയിൽ ഇറക്കിയ ക്യാമറ വഴി നിരീക്ഷിച്ചിരുന്നു. മെഡിക്കൽ സംഘത്തിന്റെ ഉൾപ്പെടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ.

ബുധനാഴ്ച കുട്ടി കുഴൽക്കിണറിൽ വീണതിന് പിന്നാലെ പ്രാദേശി ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ദൗസ ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ, എസ്പി രഞ്ജിത് ശർമ, ജലവിതരണ വകുപ്പ് അധികൃതർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. പിന്നാലെ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളെയും വിവരമറിയിക്കുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )