നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ബുധനാഴ്ച മുംബൈയിലെ ബാന്ദ്രയില്‍ കെട്ടിട ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
സംഭവം നടന്ന സമയത്ത് താരം വീട്ടിലില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആത്മഹത്യ വാര്‍ത്തയെ തുടര്‍ന്ന് മലൈകയുടെ കുടുംബാംഗങ്ങളും മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനും അവരുടെ വസതിയില്‍ എത്തി അനുശോചനം അറിയിച്ചു. പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്തിരുന്നു.
മലയാളി വേരുള്ള ബോളിവുഡ് താരമാണ് മലൈക അറോറ. അവരുടെ അമ്മ ജോയ്സ് പോളി കാര്‍പ്പ് ഒരു മലയാളിയാണ്. അച്ഛന്‍ അനില്‍ അറോറ ഫാസില്‍ക്ക പട്ടണത്തില്‍ നിന്നുള്ള പഞ്ചാബിയുമാണ്. അവര്‍ക്ക് 11 വയസ്സുള്ളപ്പോള്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. ശേഷം 6 നടിയും ഇളയ സഹോദരി അമൃത റാവുവിനെയും അമ്മ ജോയ്സ് പോളികാര്‍പ്പാണ് വളര്‍ത്തിയത്. അഭിനേതാവ്, മോഡല്‍, നര്‍ത്തകി, വീഡിയോ ജോക്കി എന്നീ നിലകളില്‍ മലൈക തന്റെ മുദ്ര പതിപ്പിച്ചു. കാന്റെ, ഇഎംഐ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മണിരത്നം സംവിധാനം ചെയ്ത 1998-ലെ ബോളിവുഡ് ഹിറ്റായ ‘ദില്‍ സേ’യിലെ ‘ചയ്യ ചയ്യ’ എന്ന ഗാനത്തിലൂടെ മലൈക അറോറ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അവരുടെ ആദ്യ ആദ്യ ഐറ്റം ഗാനമായിരുന്നു ഇത്. 1998 ഡിസംബര്‍ 12 ന് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായി മലൈക വിവാഹിതയായി. ഭര്‍ത്താവ് അര്‍ബാസിനൊപ്പം സല്‍മാന്റെ ‘ദബാംഗ്’ എന്ന ചിത്രത്തിനും പിന്നീട് ‘ദബാംഗ് 2’ നും മലൈക നിര്‍മ്മാതാവായി മാറി. അവ രണ്ടും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. അര്‍ബാസ് ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോനം കപൂര്‍ അഭിനയിച്ച ‘ഡോളി കി ഡോളി’ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു. 2017 ല്‍ ഇരുവരും വിവാഹമോചിതരായതും ശ്രദ്ധേയമായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)