ബിജെപി അംഗത്വം സ്വീകരിച്ചതിന് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ നിലവിലെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ മാറ്റി
ബിജെപി അംഗത്വം സ്വീകരിച്ചതിനെത്തുടർന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ .നിലവിലുള്ള എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കി.ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് കൊണ്ട് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കമുള്ള വിശ്വാസികൾ വ്യക്തമാക്കിയിരുന്നു .
കൂടാതെ ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതിയും നൽകിയിരുന്നു.പരാതിയെത്തുടർന്ന് നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി അതേസമയം ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷനായിരിക്കും പരാതികൾ അന്വേഷിക്കുക.കൂടാതെ രണ്ടു മാസത്തിനുള്ളിൽ തന്നെ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായി. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം.ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു.