യുവാവിന്‍റെ പീഡന പരാതി; രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

യുവാവിന്‍റെ പീഡന പരാതി; രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

കോഴിക്കോട്: സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായിരുന്ന രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് നിലവില്‍ ജാമ്യം അനുവദിച്ചത്. അതേസമയം രഞ്ജിത്തിന്റെ അറസ്റ്റ് 30 ദിവസത്തേക്ക് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതില്‍ പൊലീസ് കേസെടുത്തിരുന്നു.

യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് 2012 ല്‍ സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി ഉയരുന്നത്. തുടര്‍ന്ന് സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് നടന്നിരുന്ന ഒരു സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

സിനിമയില്‍ അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ശേഷം തന്നോട് ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ ഉടനെ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് വ്യക്തമാക്കിയത്.

കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ ബംഗാളി നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി. തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കോടതി പരിഗണിച്ച ഘട്ടത്തില്‍ ഇത് ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )