നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം.

കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദുബായില്‍ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ആയിരുന്നു താന്‍ എന്നാണ് നിവിന്റെ വാദം. എന്നാല്‍ ഉറക്കപ്പിച്ചിലാണ് താന്‍ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാര്‍ഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതിയുടെ വാദം. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പീഡനം നടന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ചാനലില്‍ പറഞ്ഞ ഒരു തിയതിയുടെ പേരില്‍ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിന്‍ പോളിക്ക് എതിരെയുളള കേസ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി. ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസം നിവിന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു അന്ന് യുവതി പറഞ്ഞത്. പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് പറഞ്ഞിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )