മുകേഷിൻ്റെ മുൻകൂർ ജാമ്യം; ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ

മുകേഷിൻ്റെ മുൻകൂർ ജാമ്യം; ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ

ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അപ്പീല്‍ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന് കത്ത് നല്‍കുകയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിയിരുന്നു. എന്നാല്‍ ഈ കത്തില്‍ നടപടിയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രത്യേക അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം.

പ്രത്യേക അന്വേഷണംസംഘം നല്‍കിയ കത്ത് മടക്കാനാണ് പ്രോസിക്യൂഷന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കണം, കേരളം വിടരുത് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് സെഷന്‍സ് കോടതി മുകേഷിന് ജാമ്യം അനുവദിച്ചത്. സാധാരണ ഗതിയില്‍ സെഷന്‍സ് കോടതി ഇത്തരത്തില്‍ ജാമ്യം നല്‍കിയാലും ഹൈക്കോടതിയെ സമീപിക്കുകയെന്നതാണ് കീഴ്വഴക്കം.

എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരുന്നത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം ലഭിച്ചത്. ബലാത്സംഗം ചെയ്‌തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്റെ വാദം. 15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പാണ് മാരട് പോലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 26 നാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയുമുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നിലവില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )