വയനാടിനായി ഒരു മാസത്തെ ശമ്പളം കെപിസിസി ഫണ്ടിലേക്ക് കൈമാറി രാഹുല്‍ ഗാന്ധി

വയനാടിനായി ഒരു മാസത്തെ ശമ്പളം കെപിസിസി ഫണ്ടിലേക്ക് കൈമാറി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: വയനാട് പുനരധിവാസത്തിന് എല്ലാവരിൽ നിന്നും സഹായം അഭ്യർത്ഥിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്ക് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. വയനാട് മനോഹരമായ ഒരു പ്രദേശമാണ്. ആ നാടിനെ പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിക്കാമെന്നും രാഹുൽ പറഞ്ഞു.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിൻമേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി ഭേദഗതി നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു. അറിയിപ്പുണ്ടാകുന്നത് വരെ ജപ്തി നടപടികൾ നിർത്തി വെക്കുന്നതിനാണിത്. നേരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുൾപ്പെടെ വായ്പ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്തബാധിതർക്ക് നോട്ടീസ് നൽകിയിരുന്നു. വായ്പ പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു.

വായ്പ്കൾ പൂർണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോർഡുകളിൽ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് നേരത്തെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ദുരന്ത മേഖലയിലുള്ളവരിൽ നിന്നും ജൂലൈ 30ന് ശേഷം പിടിച്ച ഇഎംഐകൾ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകൾ നടത്തേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )