ലൈംഗികാതിക്രമം; ജയസൂര്യക്കെതിരെയുള്ള അന്വേഷണം തുടങ്ങി
ഇടുക്കി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ ജയസൂര്യക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്. തൊടുപുഴ പൊലീസ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൻ്റെ ഭാഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കൂടാതെ നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. 2013 ൽ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. പരാതിയിൽ കരമന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
ജയസൂര്യക്കെതിരെ പരാതിയുമായി രണ്ട് നടിമാർ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ കേസ്.