പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല; തന്റെ അവസരങ്ങള്‍ വി ഡി സതീശന്‍ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്‌ബെല്‍

പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല; തന്റെ അവസരങ്ങള്‍ വി ഡി സതീശന്‍ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്‌ബെല്‍

കൊച്ചി: പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്‌ബെല്‍ ജോണ്‍. കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. ഇനിയും ഈ അവഗണന തുടര്‍ന്നാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നല്‍കുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും പാര്‍ട്ടിയിലെ അവസരങ്ങള്‍ നിഷേധിക്കാന്‍ നിരന്തരം ശ്രമിക്കുന്നെന്നാണ് എഐസിസി അംഗത്തിന്റെ പരാതി- ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. അതേസമയം എന്റെ പാര്‍ട്ടിയില്‍ എനിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ എന്റെയത്ര പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്റെ അനുവാദം വേണോ? അതുമല്ല പതിനഞ്ചോ പതിനേഴോ വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വന്ന ഹൈബി ഈഡന്റെ അനുവാദം വേണോ? എനിക്ക് അതിനുള്ള അര്‍ഹതയില്ലേ?

അതുമാത്രമല്ല തന്നെക്കാള്‍ ജൂനിയര്‍ ആയ ദീപ്തി മേരി വര്‍ഗീസിനെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കിയതും മാധ്യമ വിഭാഗത്തിന്റെ ചുമതല നല്‍കിയതും തന്നെ ഒഴിവാക്കാന്‍ വേണ്ടിയാണ് എന്ന് സിമി പറയുന്നു- ഇത് വേറൊരു പാര്‍ട്ടിയിലാണെങ്കില്‍ സമ്മതിക്കുമോ? സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ നടന്നു. എല്‍ഡിഎഫിന് ചോര്‍ത്തിക്കൊടുത്തു. പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?

അതേസമയം കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ തന്നെ അനുകൂലിക്കുമ്പോഴും സതീശന്‍ തന്നെ അവഗണിക്കുകയാണെന്നാണ് പരാതി. പിഎസ്‌സി കിട്ടിയില്ലേ, വീട്ടിലിരിക്കാന്‍ സതീശന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറയുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനത്തിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. തന്റെ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്നും സിമി പറയുന്നു.

മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഇവര്‍ ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട് . പിഎസ്സി അംഗമായും സിമി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം സിമിയുടെ വിമര്‍ശനങ്ങളെ തല്‍ക്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )