രഞ്‌ജിത്തിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍; പേര് വെളിപ്പെടുത്താതെ പലരും വിളിച്ച് തന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് യുവാവ്
കോഴിക്കോട്: സംവിധായകൻ രഞ്‌ജിത്തിനെതിരെ ലൈംഗിക അതിക്രമ വെളിപ്പെടുത്തൽ നടത്തിയ കോഴിക്കോട് സ്വദേശിക്ക് പരാതി പിൻവലിക്കാൻ സമ്മർദ്ദം. തനിക്കുമേൽ കടുത്ത സമ്മർദ്ദം ഉണ്ടെന്ന് യുവാവ്ർപറഞ്ഞു. പേര് വെളിപ്പെടുത്താതെയാണ് പലരും വിളിക്കുന്നതെന്നും തന്നെ സമ്മർദ്ദത്തിലാക്കുകയാണെന്നും യുവാവ് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകുമെന്നും യുവാവ് വ്യക്തമാക്കി. ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും, നഗ്ന ഫോട്ടോ എടുത്തുവെന്നുമായിരുന്നു രഞ്ജിത്തിനെതിരെയുള്ള പരാതി. തന്‍റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ ചലച്ചിത്ര നടിക്ക് അയച്ചുകൊടുത്തതായും യുവാവ് ആരോപിച്ചു.
കോഴിക്കോട്ടെ സിനിമാ ലൊക്കേഷനിൽ വെച്ചാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു എന്നുമാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ തന്നോട് ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകു വശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു.
മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കി, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.