സിദ്ദിഖിനെ മാതൃകയാക്കി കുറ്റാരോപിതർ രാജിവെക്കണം; എഎംഎംഎയിലെ ഒരു വിഭാഗം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ എഎംഎംഎയിലെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്.
ആരോപണ വിധേയരിൽ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ളവർ ആരോപണ നിഴലിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്‌സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. എക്‌സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
എന്നാൽ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം. ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇത് മാതൃകാപരമായ നിലപാടാണെന്നാണ് വിലയിരുത്തൽ. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയത് മാന്യമായ സമീപനം, ആരോപണമുന്നയിച്ച നടിക്കെതിരെ നിയമനടപടി സ്വീകരിച്ചതും മാതൃകാപരമാണെന്നും ചിലർ വിലയിരുത്തുന്നുണ്ട്.